ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ), ഗായത്രി ഗുരുകുലത്തിന്റെ സഹകരണത്തോടെ "വേദ പഠനകളരി 2026' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ വേദപഠന പദ്ധതിക്ക് തുടക്കമിടുന്നു.
ജോർജിയയിലെ അറ്റ്ലാന്റ ആസ്ഥാനമായുള്ള കെഎച്ച്എൻഎ സൗത്ത് ഈസ്റ്റ് റീജിയണാണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്. റീജിയണിന്റെ ആത്മീയ പ്രവർത്തനങ്ങളുടെ ഭാഗമായി ഷജീവ് പത്മനിവാസ്, സംഗീത ചന്ദ്രൻ, രാജീവ് ഭാസ്കർ എന്നിവർ കോഓർഡിനേറ്റർമാരാണ്.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഈ മാസം 11ന് നടന്നു. 19 മുതൽ എല്ലാ ഞായറാഴ്ചയും രാത്രി ഏഴിന് (ഇഎസ്ടി) ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇന്ത്യയിൽ ഇത് തിങ്കളാഴ്ച പുലർച്ചെ 4.30-നാണ്.
ഷോർണൂരിനടുത്തുള്ള ത്രാങ്ങാലിയിലെ ഗായത്രി ഗുരുകുലം ആചാര്യൻ ഡോ. അരുണ് പ്രഭാകരനാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വേദങ്ങളുടെ അടിസ്ഥാന ആശയങ്ങൾ, ശുദ്ധമായ ഉച്ചാരണം, അർഥം, ആചാരപരമായ പ്രയോഗങ്ങൾ എന്നിവ ലളിതമായി പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്സ് തയാറാക്കിയിരിക്കുന്നത്.
52 ആഴ്ച നീണ്ടുനിൽക്കുന്ന പഠനപരിപാടിയിൽ വടക്കേ അമേരിക്കയിലുടനീളമുള്ളവർക്ക് പങ്കെടുക്കാം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഠന നോട്ടുകൾ ലഭ്യമാക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായി ക്ലാസുകളുടെ റിക്കാർഡിംഗും നൽകും.
കുട്ടികൾക്കായി പ്രത്യേകം ഇംഗ്ലീഷ് മീഡിയം വേദ ക്ലാസുകളും സംഘടിപ്പിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗായത്രി ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റ് നൽകും. ആവശ്യാനുസരണം കലിഫോർണിയ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഓഫ്ലൈൻ പഠനസെഷനുകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പദ്ധതി വിജയമാക്കണമെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ്, യൂത്ത് കമ്മിറ്റി, യുവ കമ്മിറ്റി അംഗങ്ങളും സംയുക്തമായി അഭ്യർഥിച്ചു.
രജിസ്ട്രേഷൻ: www.namaha.org, സൂം മീറ്റിംഗ് ഐഡി: 847 7046 1935, പാസ്കോഡ്: 01234.
കൂടുതൽ വിവരങ്ങൾക്ക്: ഷാജീവ് പത്മനിവാസ്: +1 (404) 432 8751, സംഗീത ചന്ദ്രൻ: +1 (423) 933 4172, രാജീവ് ഭാസ്കർ: +1 (516) 395 9480.